വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കുടിയേറ്റവകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. അമേരിക്കൻ പൗരത്വമുള്ള റെനി നിക്കോൾ ഗുഡ് (37) ആണ് മിന്നസോട്ട സംസ്ഥാനത്തെ മിനിയാപോളിസ് നഗരത്തിൽ മരിച്ചത്.
മിനിയാപോളിസിലെ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ (ഐസിഇ) ഉദ്യോഗസ്ഥരുടെ നടപടി തുടരുന്നതിനിടെയാണു ദാരുണ സംഭവം. നൂറുകണക്കിന് ഐസിഇ ഉദ്യോഗസ്ഥർ നഗരത്തിൽ വിന്യസിക്കപ്പെട്ടിരുന്നു.
മിനിയാപോളിസ് സ്വദേശിനിയായ റെനി ഗുഡ് സ്വന്തം നിലയ്ക്ക് ഐസിഇ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചിരുന്ന "ലീഗൽ ഒബ്സർവർ’ ആയിരുന്നുവെന്നാണു റിപ്പോർട്ട്.
ബുധനാഴ്ച രാവിലെ മിനിയാപോളിസ് നഗരത്തിന്റെ തെക്ക് പോർട്ട്ലാൻഡ് അവന്യൂവിൽ കാറിലിരുന്ന റെനി ഗുഡിനെ ഐസിഇ ഉദ്യോഗസ്ഥർ സമീപിച്ചു. ഉദ്യോഗസ്ഥരിൽ ഒരാൾ കാറുമായി പോകാനും മറ്റൊരാൾ ഡോർ തുറക്കാനും റെനിയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
യുവതി കാർ പിന്നിലേക്കും തുടർന്ന് മുന്നിലേക്കും എടുത്തു. കാറിനു മുന്നിൽ നിന്നിരുന്ന ഐസിഇ ഉദ്യോഗസ്ഥർ ഈസമയം മൂന്നു തവണ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഐസിഇ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടിവന്നതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആഭ്യന്തര വകുപ്പും പറഞ്ഞു. അതേസമയം, സംഭവത്തിനു പിന്നാലെ ഐസിഇ ഉദ്യോഗസ്ഥർ നഗരം വിടണമെന്ന് മിനിയാപോളിസ് മേയർ ജേക്കബ് ഫ്രേ ആവശ്യപ്പെട്ടു.
സംഭവസ്ഥലത്തുണ്ടായ പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. പ്രതിഷേധക്കാർ പോലീസിനും ഫെഡറൽ ഏജന്റുമാർക്കും നേർക്ക് മഞ്ഞുകട്ടകൾ എറിഞ്ഞു. പോലീസ് പ്രതിഷേധക്കാർക്കു നേർക്ക് കണ്ണീർവാതകവും പെപ്പർ സ്പ്രേയും പ്രയോഗിച്ചു.
തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ഷിക്കാഗോ, ന്യൂയോർക്ക് നഗരങ്ങളിലും വൻ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.